Society Today
Breaking News

കൊച്ചി: എന്നും രാവിലെ എഴുന്നേല്‍ക്കുക, കുട്ടികളുടെ കാര്യം നോക്കുക, തിരുക്കുപിടിച്ച് ജോലി സ്ഥലത്തേക്ക് ഓടുക, തിരികെ വീണ്ടും അടുക്കളയിലെ ലോകത്തേക്ക്... ഒരേ മട്ടില്‍ പോയിക്കൊണ്ടിരുന്ന ജീവിതരീതിയില്‍ നിന്നും വ്യത്യസ്തമായി ഓരോ ദിനവും പുതിയതായി തുടങ്ങണമെന്ന ആഗ്രഹമാണ് ചോറ്റാനിക്കര ഐനിപ്പിള്ളി വീട്ടില്‍ റോസ് ഗ്ലൈസിനിനെ ഒരു സംരംഭകയാക്കിയത്. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാര്യം എന്തെങ്കിലും വരുമാനം നേടണമെന്ന ആഗ്രഹത്തില്‍ റോസ് ബിസിനസിന്റെ പല വഴികളെയും പറ്റി ആലോചിച്ചു. ഒടുവിന്‍ പാചകത്തിലുള്ള താല്പര്യം എന്തുകൊണ്ട് ഒരു തൊഴിലായി മുന്നോട്ടുകൊണ്ടുപോയി ബിസിനസ് ആരംഭിച്ചാലോ എന്ന ആലോചന  മനസ്സിലുദിച്ചത്. പാചകത്തിനുള്ള താല്‍പര്യം സ്വന്തമായി ഒരു ബോര്‍മ്മ സംരംഭം ആരംഭിക്കാന്‍ റോസിന് പ്രചോദനമായി. ചോക്ലേറ്റ്, ബട്ടര്‍ സ്‌കോച്ച്, സ്‌ട്രോബറി, മാംഗോ, പൈനാപ്പിള്‍ എന്നിങ്ങനെ വിവിധ രുചികളോട് കൂടിയ കേക്കുകള്‍, ബ്രഡ്, ബണ്‍, ബട്ടര്‍ ബണ്‍ എന്നിവയ്ക്കും ഇന്ന് റോസിന്റെ രുചി വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ എത്തുന്നുണ്ട്.

ചോറ്റാനിക്കര പഞ്ചായത്തില്‍ തലക്കോട് ഫയര്‍സ്‌റ്റേഷന് സമീപമാണ്  ഗ്ലെസ് ബേക്ക് ഹൗസ് എന്ന പേരില്‍ റോസിന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. രണ്ട് ബോര്‍മ്മ സ്റ്റാഫും ഒരു സെയില്‍ സ്റ്റാഫ് ഉള്‍പ്പെടെ മൂന്നുപേര്‍ ഈ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. മുളന്തുരുത്തി ചോറ്റാനിക്കര മുതല്‍ ഫോര്‍ട്ട്‌കൊച്ചി വരെയുള്ള വിവിധ ബേക്കറികളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഗ്ലേസ് ബേക്ക് ഹൗസ് ആരംഭിക്കുന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ പുതിയ ഉത്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ബിസിനസ് വിപുലീകരിക്കാനുള്ള ആലോചനയിലാണ് ഈ സംരംഭക. ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച്  ഭര്‍ത്താവ് ഷാനും ഒപ്പമുണ്ട്. 
6.5 ലക്ഷം രൂപ ലോണ്‍ എടുത്താണ്  സംരംഭം ആരംഭിച്ചത്. സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും പിന്തുണയോടെ പ്രൈം മിനിസ്റ്റര്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം ( പി എം ഇ ജി പി) പ്രകാരം 35% സബ്‌സിഡിയും ലഭിച്ചിട്ടുണ്ട്. അധ്യാപികയായും പരസ്യ കമ്പനി  ജീവനക്കാരിയായും ജോലി ചെയ്തിട്ടുണ്ടെങ്കിലും ബിസിനസ് എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണമെന്ന ആശങ്ക ഉണ്ടായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സംരംഭക പദ്ധതികള്‍ തുണയായതെന്നും  റോസ് പറയുന്നു.

Top